Dr apj abdul kalam story in malayalam
കേട്ടാലും കേട്ടാലും മതിവരാത്ത കലാം കഥകള്‍
സ്വപ്നം എന്ന വാക്ക്, അവുല്‍ പക്കീര്‍ ജൈനുലാബുദ്ദീന്‍ അബ്ദുല്‍ കലാമിനെപ്പോലെ ഇത്രമേല്‍ ആവര്‍ത്തിച്ചിട്ടുള്ള ഒരു ശാസ്ത്രജ്ഞനെയും രാഷ്ട്രത്തലവനെയും ഇന്ത്യ കണ്ടിട്ടില്ല. 'ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്തതാണു സ്വപ്നം' എന്നാണ് വാക്കു കൊണ്ടും ജീവിതം കൊണ്ടും അദ്ദേഹം കാണിച്ചുതന്നത്. പാവപ്പെട്ട, നിസ്സഹായരായ മനുഷ്യര്‍ സ്വരുക്കൂട്ടിയതെല്ലാം ഒറ്റ രാത്രി കൊണ്ട് നക്കിത്തുടച്ച് ഇല്ലാതാക്കുന്ന കൊടുങ്കാറ്റുകളും കലിയിളകുന്ന കടലും കണ്ടു വളര്‍ന്ന കലാം ഒരിക്കലും പരാജയങ്ങളിലും പ്രതിസന്ധികളിലും തളര്‍ന്നില്ല. ജീവിച്ച കാലത്തിന്റെ പരിമിതികളെ മറികടക്കാനുള്ള വേഗവും കരുത്തുമുണ്ടായിരുന്നു ആ അഗ്നിച്ചിറകുകള്‍ക്ക്.
പുളിങ്കുരുവും പത്രവും വിറ്റ് കുടുംബത്തെ സഹായിക്കാനിറങ്ങിയ കുട്ടിയായിരുന്നു കലാം. ആഹാരത്തിനു ക്ഷാമമുള്ള കാലത്ത്, കൂടുതല്‍ ചപ്പാത്തി താന്‍ തിന്നല്ലോ എന്നോര്‍ത്ത് അവന്‍ സങ്കടപ്പെട്ടു. ''എന്തെങ്കിലും നേടണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അതു തീവ്രമായി ആഗ്രഹിക്കണം. അതു തീര്‍ച്ചയായും നേടുമെന്ന് ഉറച്ചു വിശ്വസിക്കുകയും വേണം''-രാമനാഥപുരത്ത് അധ്യാപകനായിരുന്ന അയ്യാദുരൈ സോളമന്റെ വാക്കുകള്‍ തുറന്നുകൊടുത്തതു പുതിയൊരു ലോകം.
മദ്രാസ് ഐഐടിയില്‍ പഠിക്കുമ്പോള്‍, യുദ്ധവിമാനത്തിന്റെ രൂപരേഖയുണ്ടാക്കാനുള്ള ദൗത്യം കലാം അടങ്ങുന്ന ടീമിനു ലഭിച്ചു. ആദ്യവട്ടം രൂപരേഖ പരിശോധിച്ച പ്രഫസര്‍ ശ്രീനിവാസന്‍ പറഞ്ഞു: 'ഞാന്‍ ഇതല്ല നിന്നില്‍ നിന്നു പ്രതീക്ഷിച്ചത്'. അതു കലാമിനെ പിടിച്ചുകുലുക്കി. കഠിനമായി അധ്വാനിച്ച് കലാം ആ വാക്കുകള്‍ തിരുത്തി. ഒടുവില്‍, രാജ്യം പ്രതീക്ഷിച്ചതിലും എത്രയോ അധികം നല്‍കിയാണു മിസൈല്‍ മാന്‍ യാത്രയായത്. സി.വി.രാമനോ, ഹോമി ഭാഭയോ വിക്രം സാരാഭായിയോ ആയിരുന്നില്ല കലാം. പ്രതിഭയിലോ സമഗ്രതയിലോ അവരോടൊപ്പമാണു താനെന്ന് കലാം ഒരിക്കലും ഭാവിച്ചില്ല. അവസാനശ്വാസത്തോളവും കഠിനാധ്വാനിയായി അദ്ദേഹം ജീവിച്ചു. സ്വപ്നം കാണാന്‍ പഠിപ്പിച്ചു.
പറഞ്ഞാലും പറഞ്ഞാലും തീരാത്തൊരു കഥയാണ് ഇന്നു കലാമിന്റെ ജീവിതം. വരും തലമുറകള്‍ക്ക് അതു കേട്ടാലും കേട്ടാലും മതി വരാത്തൊരു കഥയാകും. കലാമിന്റെ ജീവിതത്തിലെ എല്ലാവര്‍ക്കും പ്രചോദകമാവുന്ന മുഹൂര്‍ത്തങ്ങളെ കഥപോലെ അവതരിപ്പിക്കുന്ന പുസ്തകമാണ് കലാം കഥകള്‍. കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിന്റെ അവസാനകാലം വരെയുള്ള ജീവിതത്തിലെ മഹത്തായ മുഹൂര്‍ത്തങ്ങളെയാണ് ഈ പുസ്തകം കഥയായി വിടര്‍ത്തുന്നത്. ഒരു ജീവചരിത്രരചന പകരുന്ന അടുക്കും സമഗ്രതയും ഈ കഥകളെ വ്യത്യസ്തമാക്കുന്നുണ്ട്. വിനീത എം സി ആണ് ഈ പുസ്തകത്തിനായി കലാമിന്റെ ജീവിതാനുഭവങ്ങള്‍ സമാഹരിച്ച് കഥയായി അവതരിപ്പിച്ചിരിക്കുന്നത്.